Ramachandran. P.P
ജി എട്ട് രാഷ്ട്രത്തലവന്മാരുടെ
ഉച്ചകോടി നടക്കുന്ന വട്ടമേശപ്പുറത്ത്

കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച
കരടുരേഖയ്ക്കു കൃത്യം മുകളില്‍

ലോകോത്തര സുരക്ഷാസംവിധാനങ്ങളുടെ
കണ്ണുവെട്ടിച്ച്

അസാധാരണ മെയ് വഴക്കത്തോടെ,
പേപ്പര്‍ വെയിറ്റിന്റെ രൂപത്തില്‍
പതിയിരുന്ന ഒരു ജന്തു

പെട്ടെന്ന്
മേശപ്പുറത്തേയ്ക്കു ചാടി
ലോകത്തെ ഞെട്ടിച്ചുകൊണ്ട്
ഇങ്ങനെ പ്രതിഷേധിച്ചു:
"പേക്രോം.. പേക്രോം.. പേക്രോം..."

സെപ്തംബര്‍ പതിനൊന്നിന്റെ
കിടിലന്‍ ഓര്‍മ്മകളുണര്‍ത്തിയ
ഈ കലാപകാരി,

തിരുനാവായയ്ക്കടുത്ത്
കൊടയ്ക്കല്‍ മിഷനാസ്പത്രിവളപ്പില്‍
സംരക്ഷിതസ്മാരകമായി നിലകൊള്ളുന്ന
'മണിക്കിണറി'ല്‍നിന്നെത്തിയ
ഒരു ചാവേര്‍ ആയിരുന്നു.