Muraleedharan. T.K
സുഹൃത്തേ,
ഈ മാളത്തിനുപുറത്ത്‌
തീയിട്ട്‌ എത്രനാളായി
താങ്കള്‍ അടയിരിക്കുന്നു?
ഒരു കെട്ട മണമെങ്കിലും
പുറത്തേയ്‌ക്കിറങ്ങിവന്നോ?

വരൂ,
എന്റെ വിരല്‍ത്തുമ്പിലേയ്‌ക്കു നോക്കൂ.
നഗരക്കാഴ്‌ചകളില്‍നിന്നെല്ലാം വേറിട്ട്‌
ഞാനൊരു കവിത കാണിച്ചുതരാം
ചുറ്റും തൊടിയും കുളവും വേലികളും
ചവിട്ടുവഴികളുമൊക്കെയായി
ആലസ്യത്തോടെ
നീണ്ടുനിവര്‍ന്നുകിടക്കുന്ന
ഒരു മദാലസകവിത.

എന്തെങ്കിലുമൊരു നുണപറഞ്ഞ്‌
ഒന്നു കേറിയിരിക്കാന്‍
ഒരു ദിവസമെങ്കിലും പാര്‍ക്കാന്‍
ഉള്ളില്‍ കൊതി തോന്നുന്നു, അല്ലേ?

ഇപ്പോള്‍ താങ്കള്‍ ചിന്തിക്കുന്നത്‌
കരിക്കട്ടകൊണ്ടെങ്കിലും അവള്‍ക്കൊരു
ചിറകുവരച്ചുകൊടുക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍
എന്നായിരിക്കും.

ശരിതന്നെയാണ്‌
ആ കിടപ്പിന്‌ ഒരുമാലാഖച്ചിറക്‌
നന്നായിച്ചേരും.

ആരും സങ്കല്‌പിച്ചുപോകും
മേഘങ്ങള്‍ക്കിടയിലൂടെ
പറന്നുനടക്കുന്ന
ഒരു വീട്‌.