Muraleedharan. T.K
വാര്‍ഡിനുപുറത്തെ
പ്രവേശനമില്ലാബോര്‍ഡിനു കീഴെ
ഉണങ്ങിയ എച്ചില്‍പ്പാത്രങ്ങളും
ചൂലും മുറവുമൊക്കെ
കാത്തുകെട്ടിക്കിടക്കുകയാണ്‌.

രാജാവാഡി ആസ്‌പത്രിയിലെ
ജനറല്‍ വാര്‍ഡില്‍
ഒരു ശസ്‌ത്രക്രിയ കഴിഞ്ഞു വിശ്രമിക്കുകയാണ്‌
മൗസി

കിടക്കയ്‌ക്കു ചുറ്റുമുള്ള
കുറിയ മരപ്പടര്‍പ്പുകളില്‍
പഴങ്ങള്‍ പറിച്ചും
എറിഞ്ഞും തിമര്‍ക്കുന്ന കുട്ടിക്കുരങ്ങന്മാര്‍.

എല്ലാംകണ്ട്‌, ഒരെത്തുംപിടിയും കിട്ടാതെ
അതിവിശാലമായ വാര്‍ഡിന്റെ
ഒരു മൂലയ്‌ക്ക്‌
വെള്ളവസ്‌ത്രങ്ങള്‍ക്കുള്ളില്‍
മുഷിഞ്ഞുകറുത്തുകിടന്നു മൗസി.

മഞ്ഞളിച്ച ആ ഒഴുക്കന്‍ നോട്ടം
ആശുപത്രിയുടെ തറയും
കോണിപ്പടികളും വരാന്തകളും
ഫിനോയില്‍വെള്ളത്തില്‍ കഴുകി,
തുടച്ചു.
കുനിഞ്ഞിരുന്ന്‌ കുപ്പിച്ചില്ലുകള്‍ പെറുക്കി
ചുവരിലെ ചുവന്ന അടയാളങ്ങള്‍ മായ്‌ച്ചു.
ഛര്‍ദ്ദിത്തുണികള്‍ സോപ്പുപതയില്‍ താഴ്‌ത്തി.
ശവമുറിയിലേയ്‌ക്കുള്ള
എറുമ്പുവരയില്‍ ചവിട്ടാതെ, ചാടിക്കടന്ന്‌
മൂലയ്‌ക്കു കൂട്ടിയിട്ട വിഴുപ്പുകള്‍ക്കുമോളില്‍
ഒന്നു നടുനിവര്‍ത്തി.