Muraleedharan. T.K
അസമയത്ത്‌ കറന്റു പോയി.
മഴ ഒന്നൊഴിഞ്ഞുനിന്നു.
തിരിച്ചറിയാനാവാത്ത
വല്ലാത്ത ഒരു കനം
അന്തരീക്ഷത്തെ വീര്‍പ്പിച്ചുനിര്‍ത്തി.
ഭീതിദമായ നിശ്ശബ്ദത.

ഞങ്ങളുടെ ചര്‍ച്ച
പുനരാരംഭിച്ചു.
ഓരോരോ തരത്തിലുള്ള
ദുര്‍മ്മരണങ്ങളുടെ വ്യാഖ്യാനങ്ങള്‍.
ദൃക്‌സാക്ഷിവിവരണങ്ങള്‍.
അത്യപൂര്‍വ്വ രോഗങ്ങള്‍.
ചികിത്സിച്ചുചികിത്സിച്ചു
കടംപൊങ്ങി പുരയ്‌ക്കു തീപിടിപ്പിക്കുന്ന
ചില സര്‍റിയലിസ്റ്റുസാധനങ്ങള്‍.

ചുവന്ന ഐസ്‌ കട്ടകള്‍ വൃത്തിയാക്കി
കൂള്‍ഡ്രിങ്‌സ്‌ കടകളിലേയ്‌ക്കു
കൃത്യമായി എത്തിച്ചുകൊണ്ടിരിക്കുന്ന
മോര്‍ച്ചറി സൂക്ഷിപ്പുകാരന്‍.

ഒരാള്‍ സ്വന്തം കവിത ചൊല്ലി.
രസച്ചരടില്‍ കുടുങ്ങി
വികൃതമായ ആ പെണ്‍ശരീരം
ഇരുട്ടത്തു കെട്ടിത്തൂങ്ങിയാടി.

തുടര്‍ന്ന്‌ കഥകളിസുഹൃത്ത്‌
ലഹരിപിടിച്ച ചില ചുവടുകള്‍ വെച്ചു.
അരങ്ങു കൊഴുത്തു.
ബെല്ലി സാംബ നൃത്തങ്ങളിലേയ്‌ക്ക്‌
അതു വഴുതി.
ആകെ ബഹളമായി.

ചുണ്ടുകള്‍ കോട്ടിവലിച്ച്‌
ഉള്ളിലേക്ക്‌ ഒരു പുക ഊതിയെടുക്കുന്നതിനിടയില്‍
വഴിക്കുകുടുങ്ങി
അതു കണ്ണുകളിലൂടെ പുറത്തേയ്‌ക്കു ചാടി.

ചങ്കില്‍ എടുത്താല്‍ പൊങ്ങാത്ത വലുപ്പത്തില്‍
ഒരു മുഴ വളര്‍ന്നിരിക്കുന്നു.

അല്ലെങ്കിലും
ഏതു വികാരമായിരുന്നു
അകാലനര പടര്‍ന്ന എന്റെ ഇന്ദ്രിയങ്ങളില്‍
പെട്ടെന്ന്‌ ഒരു സിഗരറ്റ്‌ എടുത്തു കൊളുത്താന്‍ പാകത്തിലുള്ള
എരിവു പടര്‍ത്തിയത്‌?