Joseph. S
മൊട്ടക്കുന്നില്‍നിന്നിറങ്ങുന്ന
ഇളംമഞ്ഞ കലര്‍ന്ന പച്ചനിറം
ചോലവനത്തില്‍ കെടുന്നു.
കോട വീശിയടിച്ചുവരുന്നുണ്ട്‌.
ഉണ്ടപ്പാറകള്‍ ഇപ്പൊ മായും.
പിന്തിരിഞ്ഞോടുന്ന കാട്ടുപന്നി
കോടയില്‍പ്പെട്ടു മറയുന്നു.
അതു കുത്തിമറിച്ചിട്ട
മണ്‍ചുവപ്പുണ്ടു ബാക്കിയായി.

മണ്ണ്‌-

ആ മണ്ണില്‍ത്തന്നെ
നോക്കിക്കൊണ്ടിരുന്നു ഞാനെന്നും.
അതില്‍ത്തന്നെ
ഊതിയൂതിക്കൊണ്ടിരുന്നു ഞാനെന്നും.
അതില്‍നിന്നു വിളകൊള്ളുന്ന
പഴങ്ങളെത്രയാണെന്നോ!
കിഴങ്ങുകളിലതിന്‍ രുചി
ചുഴികുത്തിത്താഴുന്നു.
അതില്‍ ചുട്ടുപഴുക്കുന്നു
പതം വരുത്തേണ്ട മൂര്‍ച്ചകള്‍.
അതില്‍ വിരലെഴുതുന്നു
കണ്ണു മൂക്കു ചെവി ഉടല്‍.
അതില്‍നിന്നുമുയരുന്നു
ഒരു പാളയില്‍ എന്റെ മുഖം.
അതു ചുറ്റിക്കറങ്ങുമ്പോള്‍
കലങ്ങള്‍ വാ തുറക്കുന്നു.
അതില്‍നിന്നു വെട്ടംകൊണ്ട്‌
വീടിന്നുള്ളം കത്തുന്നു.
ഒരു മഴ അതിന്‍ മണവുമായി
ഒരു ദേശത്തു പെയ്യുന്നു.

ഓര്‍മ്മ-

അന്നാ കുന്നില്‍വെച്ചു കണ്ട
പന്നി ഇന്നവിടെ കാണില്ല
അതു കുത്തിമറിച്ചിട്ട മണ്ണും
അവിടെക്കാണില്ല.
ആ ഓര്‍മ്മ പോകെപ്പോകെ
മാഞ്ഞുമാഞ്ഞുപോകുന്നു.
അതീക്കവിതയിലുണ്ടാകും
ഇതുള്ള കാലംവരെ.
നിലംതൊടാമണ്ണുമാതിരി.