Joseph. S
ഏറെപ്പരന്നൊഴുകിയതിനാലാണോ
ഏതാനും വരികളിലേക്കു
വെട്ടിക്കുറയ്‌ക്കപ്പെട്ടത്‌?
നീന്താനറിയാത്തവര്‍ക്കും
ഇപ്പോഴൊന്നു നീന്താന്‍തോന്നും.
വരികള്‍ ഉള്ളിലൂടാണ്‌ ഒഴുകുന്നതെന്നും
പൊന്തുന്ന ചെടികള്‍ പരിഹസിക്കുന്നെന്നോ?
ഏയ്‌, അവ കാറ്റിലാടുകയല്ലേ?
വെള്ളം മാറി മണലു തെളിഞ്ഞതിനാല്‍
ഒളിച്ചുവെച്ചതെല്ലാം നേരിട്ടു കാണിച്ചുതന്നു എന്നോ,
പുഴയെ തിരിച്ചിട്ടു എന്നോ പറയാം.
കുട്ടികള്‍ക്കു കളിക്കാന്‍ മൈതാനമായി.
കവികള്‍ക്ക്‌ ഉത്സാഹിക്കാന്‍ കടലാസ്സായി.
മണലുവാരുന്നവരും ഉത്സാഹത്തിലാണ്‌.
മുമ്പവര്‍ വെള്ളത്തില്‍നിന്നു മണലുവാരി.
ഇന്നവര്‍ മണലില്‍നിന്ന്‌ മണല്‍ വാരുന്നു.
വെള്ളം അടിയിലുണ്ടെന്നവര്‍ കരുതുന്നുണ്ടാവാം.
അതു പക്ഷെ, ഊര്‍ന്നിറങ്ങിക്കൊണ്ടിരിക്കും.
കണ്ടുകിട്ടുകയില്ല.

ഇപ്പോള്‍ പാഴ്‌ചെടികള്‍ക്കാണ്‌
എന്തെങ്കിലും ചെയ്യാന്‍ പറ്റുന്നത്‌.
അവ മണലില്‍ പരതിക്കിട്ടിയ പച്ചകൊണ്ട്‌
ഓളംവെട്ടുന്ന വെള്ളം
എന്ന്‌ എഴുതുന്നുണ്ട്‌.