Joseph. S
പുഴയ്‌ക്കു പടിഞ്ഞാറ്‌
ആനയുള്ള കാടാണ്‌.
പുഴ കുന്നുകളെ
വളഞ്ഞൊഴുകുന്നു.
ഇഴഞ്ഞുകയറുന്ന വഴികള്‍
കയ്യാലമാടും കടന്ന്‌
ഇറങ്ങിച്ചെല്ലുമ്പോള്‍
പുഴയും കാണാകുന്നു.

പുഴ ഈ മനുഷ്യരെ
വട്ടംപിടിച്ചു കരയുന്നു.
നിരപ്പില്‍, ചെരുവില്‍
ഇത്തിരി മോഹങ്ങളായ്‌
കപ്പയും കാച്ചില്‍ വള്ളിയും.
രണ്ടുമൂന്നാടുകള്‍
ഇടയ്‌ക്കു തെളിയുന്നു.
പുറപ്പെടാനാവാത്ത കുട്ടികള്‍
തങ്ങളുടെ ഉറവുകളിലേയ്‌ക്കു
തിരിഞ്ഞുനോക്കി,
സമരപ്പുസ്‌തകം പ ിക്കുന്നതും
അവിടവിടെ തെളിയുന്നു.
കണവനെ നോക്കിനോക്കി
കരയും കണ്ണുകളെ
കുഞ്ഞിന്റെ ഉമ്മകള്‍ മറയ്‌ക്കുന്നു.
കുടിലുകള്‍ പുകച്ചുരുളുകളാല്‍
അത്താഴം തിരയുന്നു.
റബര്‍മരങ്ങളില്‍ ഇടതൂര്‍ന്നു
പക്ഷികള്‍ ചേക്കേറുന്നു.
അവയ്‌ക്കു മിന്നാമിന്നുകള്‍
വെട്ടംകാട്ടും.
മലഞ്ചെരിവും പുഴയും
ഇരുട്ടില്‍ ചേക്കേറുമ്പോള്‍
ഓരോ സിന്ദാബാ വിളിയും
നെറ്റിയില്‍നിന്നു പൂവായ്‌ പറിച്ചെറിയുന്ന
ഒരു പെണ്‍കുട്ടിയെ മറക്കാനാവാതെ
അകലെ ഒരിടത്ത്‌
ഞങ്ങളും ചേക്കേറുന്നു.

ഒരുകണക്കിനാലോചിച്ചാല്‍
പക്ഷികള്‍ ചേക്കേറുന്ന രീതികള്‍
എത്ര വിചിത്രം!
ആര്‍ക്കും ശല്യമില്ലാതെ
ആരോടും സമ്മതം ചോദിക്കാതെ
അവ ചേക്കേറുന്നു.