Joseph. S
നിഷ്‌കളങ്കത കൊടും
കാട്ടിലെ മരക്കൊമ്പില്‍
വിശ്രമിക്കുന്ന കരി-
മ്പുലിതന്‍ കണ്ണിലുണ്ട്‌.

കണ്ണിലെ പുല്‍പ്പച്ചയില്‍
പതറും മാനാണത്‌
മാനിനെ തൊട്ടുനിന്ന
നിഷ്‌കളങ്കത നേരം
പോയതോര്‍ത്തില്ല, പിന്നെ
പോകുവാന്‍ തുടങ്ങുമ്പോള്‍
കാലിലുണ്ടുടക്കുന്നു
കാട്ടുപുല്ല,തുകൊണ്ട്‌
മാനിനെ വിട്ടിട്ടതു
പുല്ലിനെ തലോടുന്നു.

കണ്ണില്ല, കാതുമില്ല
പറയാന്‍ കഴിവില്ല
പുല്ലിന,ന്നതുകൊണ്ടാ-
ണതിനെച്ചുറ്റിപ്പറ്റി
നിഷ്‌കളങ്കത കാട്ടില്‍
നിന്നുപോയേറെക്കാലം.

കാട്ടില്‍ തീ പടരുമ്പോള്‍
കണ്ടുനിന്നൊരു കരി-
മ്പുലിതന്‍ കണ്ണിലുണ്ട്‌
നിഷ്‌കളങ്കതയിപ്പോള്‍.