Ajith
കൂട്ട ബാങ്കിന്റെ പെരുമ്പറ….
നിശ്ശബ്ദത…
ഇടവഴിയുടെ ഇലയിരുളില്‍
അടുത്തടുത്തു വന്ന്
അകന്നകന്നു പോവുന്ന കവാത്ത്

അന്നു പൊട്ടിവീണ കരച്ചില്‍
ഇന്നും കിരുകിരുക്കുന്ന മുളങ്കൂട്ടം
വുള് (1) എടുക്കാന്‍
തോട്ടിലേക്കു കുനിയുന്ന ചില്ലകള്‍
ഇറ്റിറ്റു വീഴുന്ന
തസ്ബീഹ് (2) തുള്ളികള്‍
സ്രാമ്പ്യയുടെ(3) മരപ്പൊളിവാതിലില്‍
പിച്ചള വിജാഗിരിയുടെ നട്ടെല്ല്
വെടിയുണ്ടയുടെ വടിവ്
മരണത്തിന്റെ തണുപ്പ്
നെഞ്ചിലായിരുന്നോ, അതോ…?

സുന്നത്ത് ചെയ്ത കാരിരുമ്പേ…
ആണ്ടുതോറും ഞങ്ങള്‍ മൂടട്ടേ
നിന്റെ ഓര്‍മ്മകളെ
കതിര്‍ക്കറ്റകള്‍ കൊണ്ട്
............................................

1.പ്രാര്‍ത്ഥനക്കുമുമ്പുള്ള അംഗശുദ്ധി
2.ദൈവസ്തുതി, മാലയിലെ മുത്തുകള്‍ കൊണ്ട് എണ്ണുന്നു
3.ചെറിയ നമസ്ക്കാരപ്പള്ളി