Unni Sreedalam
ആകാശം ഒന്നും മിണ്ടുന്നില്ല
കണ്ണുകള്‍ താഴ്ത്തി വിറങ്ങലിച്ചു നില്‍ക്കുന്നു
തെങ്ങോലകളും എല്ലാം മതിയാക്കിയിരിക്കുന്നു
സങ്കടം പോലെ രണ്ടു കറുത്ത പക്ഷികള്‍
വേഗത്തിലല്ല ധിറുതിയില്‍
കിഴക്കോട്ടു പറക്കുന്നു

ജനാലകള്‍ ചാരണം
സമയമായിരിക്കുന്നു
തണുത്തു തണുത്ത്‌
താല്‍പര്യങ്ങളുറഞ്ഞുപോയ ജനല്‍ക്കമ്പികള്‍

നേര്‍ത്ത ഒരു പാട്ട്‌
മുറിഞ്ഞും വറ്റിയും ഒഴുകി വരുന്നു
ആര്‍ക്കുമതിനെ വേണ്ടെന്നോര്‍ത്ത്‌
കരച്ചില്‍ വരുന്നു

നൂറ്റാണ്ടുകള്‍ പോലെ എട്ടുകാലിവലകള്‍
മുറിയ്ക്കുമുകളില്‍ ശവകുടീരം പോലെ
എട്ടുകാലി തറഞ്ഞിരിക്കുന്നു

കസേരയുടെ പിളര്‍ന്ന വായില്‍
വേദന ഇരിക്കുന്നതുപോലിരിക്കുന്നു
കാത്തിരുന്ന്‌ കാത്തിരുന്ന്‌
സന്ധ്യ മയങ്ങിയിരിക്കുന്നു

എനിക്കൊരു ഭയങ്കര കരച്ചില്‍
ഉച്ചത്തില്‍ വരുന്നുണ്ട്‌.

കൂടുതല്‍ കവിതകള്‍