Kamarudheen Amayam
കയ്യാലപൊളിച്ച്
കാര്‍പ്പോര്‍ച്ചാക്കുംമുമ്പ്
തേടണം അനുവാദം
പണിയിച്ചവനോടെന്ന്
തോന്നി

മീസാന്‍കല്ല് പാകാത്ത
വല്യുപ്പയുടെ കബര്‍തേടി
പള്ളിപ്പറമ്പിലെ പൊന്ത വകഞ്ഞു

എനിക്കുനേരെപാഞ്ഞ
ക ാരത്തിളക്കം ഏറ്റുവാങ്ങിയ
ചങ്ങാതിയുടെ മാറില്‍
രണ്ട് ചെണ്ടുമല്ലിപ്പൂക്കള്‍
വിറച്ച് നില്‍ക്കുന്നത് കണ്ടു

നാടകം കളിച്ചതിന്
മഹല്ല് വിലക്കില്‍ പൊറുതിമുട്ടി
കിണറ്റില്‍ച്ചാടിയ കളിക്കൂട്ടുകാരി
സൈനബയെ കണ്ടു
ചെറുകൈവെള്ളയില്‍
വിരലുകൊണ്ടശ്ലീലം മാന്തിയ
പോത്ത് ബീരാനെ കണ്ടു

നോമ്പുകാലത്ത്
ആരും കാണാതെ വിഴുങ്ങിയ
അമ്പഴങ്ങ
തൊണ്ടയില്‍ക്കുരുങ്ങി മയ്യത്തായ
മുക്രിയുടെ മകന്‍ നിസാറിനെ കണ്ടു

കസായി കുഞ്ഞിമോന്‍
കാളപ്പൂട്ട് ഭ്രാന്തന്‍ അന്ത്രുമാന്‍
വട്ടിപ്പണക്കാരന്‍ ഹൈദ്രുഹാജി
പേറ്റിച്ചി കദീജാത്ത
മൈലാഞ്ചിമണം പുതച്ചുറങ്ങുന്നു
തലങ്ങും വിലങ്ങും
നാട്ടുകാര്‍ കൂട്ടുകാര്‍ കുടുംബക്കാര്‍
വല്യുപ്പ മാത്രമില്ല.

തടിതപ്പിയോ
മടുത്തെങ്ങോട്ടെങ്കിലും
മറഞ്ഞുനില്പാണോ
വരാത്തതില്‍ ‍പരിഭവിച്ച്
അതോ പുതുക്കിപ്പണിയുമ്പോള്‍
പള്ളിക്കടിപ്പെട്ടോ
കാണുന്നില്ല ഊഹിച്ചിടത്തൊന്നും

മഴയും നിരാശയും
നനഞ്ഞേറെത്തളര്‍ന്ന്
വീട്ടുമുറ്റത്തണഞ്ഞപ്പോള്‍
വിണ്ടുപൊട്ടിയ ഓടുകള്‍
മാറ്റിമേഞ്ഞും
നനവ് ചോരും വിടവുകള്‍
പാളക്കീറകൊണ്ടടച്ചും
മോന്തായത്തോളമുയര്‍ന്ന്
മൈലാഞ്ചിച്ചിരിയോടെ
നില്‍ക്കുന്നു കയ്യാലയില്‍.