Unnikrishnan. N.G
ആണ്‍മൂത്രപ്പൂരയുടെ തിണ്ണയില്‍ ഒരുവള്‍
അവള്‍ പാത്രം തുറന്ന്‌
പായസച്ചോറ്‌ തീറ്റ തുടങ്ങി
ഓരോ സ്‌പൂണ്‍ വീതം കോരി
നൊട്ടി നുണച്ചിറക്കി
സ്‌പൂണ്‍ തിരിച്ചും മറിച്ചും നക്കി

തീറ്റ ഒരു സ്വകാര്യത.


കൂട്ടമായിരുന്നു തിന്നുമ്പോഴും
കത്തി മുള്ള്‌ പ്ലേറ്റ്‌
മുട്ടുന്ന ശബ്ദം കേള്‍ക്കരുത്‌
വാ തുറന്ന്‌ ചവയ്‌ക്കരുത്‌
ഇണകൂടി അറിയരുത്‌


പ്രിയ നായയ്‌ക്കും
നമ്മളൊന്നു നീങ്ങണം
തിന്നു തുടങ്ങാന്‍

ഇവളുടെ തീറ്റ
കാണിക്കുംകൂടി വേണ്ടി

രണ്ടു കണ്ണുകള്‍ തറച്ച്‌
എനിക്കു ടിക്കറ്റു കീറി

പായസസ്‌പൂണ്‍ ഉയര്‍ത്തി
നാവു ചുഴറ്റി പായസം തോണ്ടി
സ്‌പൂണ്‍ നക്കിത്തുവര്‍ത്തി
ഓഷ്‌ ്യാധരങ്ങള്‍ ഇടഞ്ഞു
ഉമ്മകള്‍ പൊട്ടുന്ന ശബ്ദപ്രപഞ്ചം
ഉണ്ടായി

സ്‌പൂണിന്റെ ലോഹം വരെ
നക്കിയെടുക്കുമെന്നു തോന്നി

ഒരാഴ്‌ചയെങ്കിലുമായി
ഇതുവഴി പോയ യാത്രികരുടെ
മൂത്രനാറ്റത്തിലും
ഉമിനീര്‍ തള്ളി

തൊണ്ട വേദനിച്ച്‌‌
ഇറങ്ങി

സപ്‌തസ്വരങ്ങള്‍ കേള്‍പ്പിക്കുന്ന
കരിങ്കല്‍ത്തൂണുകളായിരുന്നോ
ദേവിയായിരുന്നോ
ദേവനായിരുന്നോ?

അന്ന്‌
സ്വര്‍ണ്ണരഥം എഴുന്നള്ളിച്ചിരുന്നൊ ?

പല തീരങ്ങളിലിറങ്ങും
പല ചുമടുകള്‍
ചില ചുമടുകള്‍
നെഞ്ഞോടു ചേര്‍ത്തു തറയ്‌ക്കും
നെടുങ്കന്‍ കാലം