Suresh. O.P
അടുക്കിവെച്ച അകം
നിറഞ്ഞ ഭരണികള്‍ ഇവിടെ
ഒഴിഞ്ഞ കുപ്പികള്‍ അവിടെ
ഗ്ലാസിവിടെ പ്ലേറ്റവിടെ...
കൃത്യം സ്ഥാനങ്ങള്‍
സ്ഥായീ ചലനങ്ങള്‍
അടക്കവും ഒതുക്കവും
ശാലീനമാക്കിയ
സ്വന്തം അടുക്കള.

പ്രാതല്‍, ചായ, ഊണ്‌
എനിക്ക്‌ മീന്‍, നിനക്ക്‌ മോര്‌
തൊട്ടുകൂട്ടുവാന്‍
അവര്‍ക്കെന്തേലും...
അറിഞ്ഞുപുല്‍കുന്നു
രുചിഭേദങ്ങളെ.

അകംനിറഞ്ഞ രുചികളില്‍
അനുരക്തമായ പൂമുഖം,
ഏച്ചുകൂട്ടുന്നു വെടിവട്ടം
ഒരേമ്പക്കത്തിന്റെ നിര്‍വൃതി.

പേടിക്കാനില്ല.
എന്നേയ്ക്കുമായി പാകംചെയ്ത
ശീലങ്ങളാണ്‌.
ആകസ്മികമായിപ്പോലും
ഒരവധിയില്ല.
നേരമുണ്ടാവില്ല,
പരിഭവിക്കാനും പരിഭ്രമിക്കാനും.

എന്നാലും
മനംമടുത്ത ചില പാത്രങ്ങള്‍
സ്വയം തലകുത്തിമറിയും
ചിലത്‌ കുതറിത്തെറിക്കും
അവിടെയുമിവിടെയും തട്ടി
ഒഴിഞ്ഞ പാത്രങ്ങളുടെ
കര്‍ക്കശമായ കലമ്പല്‍.

ഓര്‍ക്കാപ്പുറത്ത്‌
അടുക്കള അലങ്കോലമാവും
വിളറിപൂണ്ട പൂമുഖം
നിശ്ശബ്ദമായല്ലോ.
അല്‍പസമയത്തേയ്ക്കെങ്കിലും
വിറച്ചുപോയല്ലോ!

കൂടുതല്‍ കവിതകള്‍