Mohanakrishnan Kaladi
വേരുകള്‍ ആഴങ്ങളില്‍
കുഴിച്ചു തളര്‍ന്നാലും
വെളിച്ചത്തിനെത്തിര-
ഞ്ഞിലകള്‍ പറന്നാലും
മഴയും മഞ്ഞും വന്നു
തഴുകി വിളിച്ചാലും
കിളിയും കാറ്റും മുറി-
പ്പാട്ടുകള്‍ ചികഞ്ഞാലും
മാണിക്യം സൂക്ഷിക്കുവാ-
നേല്‍പിച്ച കരിമൂര്‍ഖന്‍
വായില്‍ത്തോന്നിയതെല്ലാം
വിളിച്ചു പറഞ്ഞാലും
ഊഞ്ഞാലില്‍ വിരാഗിയായ്‌-
ത്തീര്‍ന്നൊരു നപുംസകന്‍
ക്രൂരമാം തണലിന്മേല്‍
ധ്യാനത്തിനിരുന്നാലും
ഒരിടത്തനങ്ങാതെ
നില്‍ക്കുന്ന മരമേ, നി-
ന്നരികത്തിരുന്നു ഞാന്‍
ഒന്നു വിശ്രമിച്ചോട്ടേ.

കൂടുതല്‍ കവിതകള്‍