Rafeek Ahammed
വെയിലിപ്പോള്‍ വേപ്പുമരത്തിന്റെ അടുത്തെത്തി.
കസേര നീക്കിയിട്ടു.
പത്രത്തിന്റെ എല്ലാ പേജുകളും വായിച്ചു കഴിഞ്ഞു.
മടുപ്പിന്‌ ഇത്രയും ചുളിവുകളോ
എന്ന മട്ടിലായി അത്‌.
ഗേറ്റിലേക്കു തന്നെ നോക്കിക്കൊണ്ട്‌
എന്നാല്‍ വിശേഷിച്ചൊന്നും പ്രതീക്ഷിക്കാതെ.

സ്‌കൂള്‍ ബസ്സ്‌ നിര്‍ത്തി കുട്ടികള്‍ കടന്നുപോയി.
അവരുടെ കലപില
ഭൂമിയുടെ മറ്റേ അറ്റത്ത്‌ ഒരു ചുഴലിക്കാറ്റ്‌
ഉണ്ടാക്കിയേക്കാം.

വഴിയിലൂടെ തപാല്‍ക്കാരനും കടന്നുപോയി.

ഒരു പകല്‍ കഴിഞ്ഞെന്ന്‌
തീര്‍ച്ചയായി.