Muhammed Kaviraj
സാവധാനത്തില്‍
കാലുകള്‍ അകത്തി വെച്ച്
നില്‍ക്കുന്നു.

ഏതോ ഗര്‍ഭിണിയുടെ കാലില്‍ നീരുള്ളത്
എവിടെയോ നിര്‍ത്താതെ ഓടുന്ന ഒരു നായയെ

ഈ നില്‍പ്പില്‍ അപ്രതീക്ഷിതമായ
ഓരോ ആലോചനയിലായിരിക്കും നിങ്ങള്‍

നിങ്ങള്‍ക്കും നിലത്തിനുമിടയില്‍
ഭൂഗുരുത്വം നഷ്ടപ്പെട്ട്
അന്തരീക്ഷത്തില്‍ വിടര്‍ന്ന
അമൂര്‍ത്ത ചില്ലുശില്പവുമായി.

അനന്തയില്‍ മലത്തിനു ചുറ്റും
ഒരീച്ച വട്ടം ചുറ്റുന്നു.
ആറ്റത്തില്‍ ന്യൂക്ലിയസ്സിനു ചുറ്റും
ഇലക്ട്രോണുകള്‍ വട്ടം ചുറ്റുന്നു.

സമയത്തില്‍ നിന്നും ചലനത്തില്‍ നിന്നും വേര്‍പെട്ട്
അന്തരീക്ഷത്തില്‍ വിടര്‍ന്ന
മൂത്രത്തിന്റെ അമൂര്‍ത്ത ചില്ലു ശില്പവുമായി
അവിടെത്തന്നെ നില്‍ക്കുകയായിരിക്കും
നിങ്ങള്‍ ഇപ്പോഴും.