Nazeer Kadikkadu
കൃത്യമായ ദൂരത്തില്‍
കൈയുംകെട്ടി
ഉരിയാടാതെ നില്‍ക്കും വിളക്കുകാലുകള്‍
ജബല്‍അലി ഗ്ലോബല്‍വില്ലേജ്‌ ഷാര്‍ജ
അക്ഷരങ്ങളാകും അടയാളപ്പലക
ഉടുത്തൊരുങ്ങി ആകാശംതൊടും പരസ്യചിത്രം
നൂറ്റിയിരുപതില്‍ നിന്ന്‌
നൂറ്റിമുപ്പതിലേക്ക്‌ കുതിക്കുമ്പോള്‍
എമിറേറ്റ്‌സ്‌ റോഡിന്‌ ഇരുപുറം കാഴ്ച
നിശ്ചലമെന്നേ തോന്നൂ
വിളക്കുകാലില്‍ പശുവിനെ കെട്ടി
ചാത്തന്‍തന്ത ബീഡി കത്തിക്കും
പശു പുല്ല്‌ തിന്നും
പശുക്കിടാവ്‌ അകിട്‌ തേടി വരും
അടയാളപ്പലക ചാരി
കൂട്ടുകാരന്‍ മാപ്പുസാക്ഷിയും
യാത്രാമൊഴിയും ചൊല്ലും
ബസ്സിറങ്ങി ഓളംതല്ലിയെത്തും
ജോസും മുരുകനും ഉദയശങ്കറും
പരസ്യചിത്രത്തില്‍ നിന്നിറങ്ങി
പാലക്കൊമ്പും പൂക്കാവടിയുമെടുത്ത്‌
ചെണ്ടപ്പെരുക്കത്തില്‍ തുള്ളി
എഴുന്നള്ളിപ്പ്‌ റോഡിലെത്തും
അനങ്ങാനാവില്ല
വേഗം നിശ്ചലമെന്നേ തോന്നൂ
മീറ്റര്‍ സൂചി നൂറ്റിയറുപത്‌ പിന്നിട്ടാലും...
ഇടംവലം മിന്നുന്നുണ്ടാവും
വേഗമളക്കും റഡാര്‍
നിശ്ചലമെന്നേ തോന്നൂ