Junaid. U
യാത്രക്കിടയില്‍
തീവണ്ടി കടന്ന തുരങ്കങ്ങള്‍
ഇവരുടെ ലോകം.

കല്ലടര്‍ത്തിയെടുത്തും
കര കിളച്ചുമറിച്ചും
ഓരോ വഴികളടച്ചതിനെക്കുറിച്ച്‌,

എങ്ങോട്ടും പോവാനാവാതെ
തങ്ങിക്കിടക്കുന്നതിന്റെ
ദുര്‍ഗന്ധത്തെക്കുറിച്ച്‌,

എതിര്‍സീറ്റിലെ കുട്ടിയുടെ
അസുഖത്തെക്കുറിച്ച്‌,
-ഇവര്‍ക്കറിയാത്തത്തായി ഒന്നുമില്ല.

ഉറങ്ങുകയല്ല
ഉണര്‍ച്ചയുടെ തുരങ്കങ്ങളിലൂടെ
കടന്നുപോകുകയാണെന്നു പറഞ്ഞ
സുഹൃത്തിനെ ഇവര്‍ക്കു പരിചയപ്പെടുത്തി.

സംഭാഷണങ്ങളില്‍
പരസ്പര പരിചിതമായ പേരുകള്‍
പിന്നെ തുരങ്കങ്ങള്‍ കുറഞ്ഞു
ഇല്ലാതാവുന്നതിന്റെ
നീണ്ട ശൂന്യസ്ഥലങ്ങള്‍ ചുറ്റിലും നിറഞ്ഞു

മരിച്ചുപോയ സുഹൃത്തുക്കള്‍
ജീവിച്ചിരിക്കുന്ന
സുഹൃത്തുക്കളേക്കാള്‍ വാചാലരാണ്‌
ഇവര്‍ എല്ലാം ഓര്‍മിപ്പിച്ചുകൊണ്ടിരിക്കും.