Gafoor Karuvannur
മഞ്ഞ്
പുതപ്പിന്റെ വേഷംകെട്ടിയിറങ്ങും.
വെയില്‍ വാരിപ്പൊതിയും
മഴ മുക്കി നിര്‍ത്തും
ധ്യാനഗുരു
കീറിയ പുതപ്പു സമ്പാദിക്കും.
ഉറങ്ങാത്തതിനെ
പുതപ്പ് ഉറക്കിക്കിടത്തും.
കുഞ്ഞിനെ പുതപ്പിനുള്ളിലാക്കി
ഗുഹ കളിക്കുമ്പോഴാണ്
അവനവന്റെ മാളങ്ങളാണ്
പുതപ്പുകളെന്നറിഞ്ഞത്.
പതിനൊന്നാവുമ്പോഴേയ്ക്കും
പുതച്ചുറങ്ങും
പാതിരാവില്‍
നെഞ്ചില്‍ കൈകെട്ടി
മലര്‍ന്നുകിടക്കുന്നുണ്ടാവും.
പുതപ്പ് കട്ടിലിനുതാഴെ
ഇറങ്ങിക്കിടക്കും.
കാറ്റുപൊതിഞ്ഞ പുതപ്പുകളാണല്ലോ
ഓരോ ശരീരവും.
എത്ര കുത്തിയിട്ടും പൊട്ടാത്ത ബലൂണുകളായി
അങ്ങനെ വേച്ചുവേച്ചു നടക്കും.
തൊണ്ടയുടെ കമ്പളത്തില്‍
പൂണ്ടുപോയ ചെറിയ ശബ്ദം
നല്ല പാട്ടാകുവാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.
തോലുകച്ചവടക്കാരന്‍ മൂസക്ക
പുലരുമ്പോഴെക്കും
ജീവനെ ഊരിയെടുത്ത്
കൂരാച്ചുണ്ടില്‍നിന്നും ആദ്യബസ്സിനു പുറപ്പെടും.
ഉദരത്തില്‍ കിടന്നു വളര്‍ന്നവര്‍
വീണ്ടും അതു തേടുകയാവും
ഓരോ പുതപ്പിലും.

കൂടുതല്‍ കവിതകള്‍