Pramod K M
രാവിലെ,തണുപ്പത്ത്,സ്ട്രാസ്ബര്‍ഗില്‍ ഞാന്‍
പോവുകയാണ് യൂനിവേഴ്സിറ്റിയില്‍

ട്രാമില്‍ ഞാനിരിക്കുന്ന മുറിയിലായ്
ഉമ്മവെയ്ക്കുന്നുറക്കെ കമിതാക്കള്‍.
ഏറെയുച്ചത്തിലാണൊച്ചയെങ്കിലും
വേറെയാരുമതു ശ്രദ്ധിക്കുന്നില്ല.
(എത്രപേര്‍ കളിയാക്കിടും,ഭാര്യയും
ഭര്‍ത്താവും,നാട്ടില്‍ തൊട്ടുനടന്നെങ്കില്‍!)
തെല്ലുനേരമതും നോക്കിനിന്നിട്ട്
മെല്ലെയെന്‍ കണ്ണടച്ചുപിടിച്ചുഞാന്‍.
എന്റെ നാട്ടിലും കേട്ടതാണീയുമ്മ-
തന്റെയൊച്ചപോലെന്തോ,അതെന്താണ്?
ഗൂഢഗൂഢം ഞാന്‍ ചിന്തയിലാഴുന്നു
ഗാഢഗാഢമവരുമ്മ വെയ്ക്കുന്നു.
ബസ്സിലോ,വഴിവക്കിലോ, ഈ ഫ്രഞ്ചു-
കിസ്സുപോലുള്ള ശബ്ദം ഞാന്‍ കേട്ടത്?
...................
കണ്ണേട്ടന്‍,പല്ലിലെല്ലുകുടുങ്ങുമ്പോള്‍
കണ്ണുരുട്ടിക്കൊണ്ടുണ്ടാക്കുമീയൊച്ച.
അണ്ണാരക്കണ്ണന്‍,പക്ഷികള്‍,(മിണ്ടേണ്ട,
കിന്നാരത്തുമ്പി,സംഗീതാ ടാക്കീസ്)...

കണ്ടെത്തലിത്രയാകുമ്പോള്‍ ട്രാമെന്നെ
കൊണ്ടെത്തിക്കുന്നിറങ്ങേണ്ട സ്റ്റേഷനില്‍.