Raju Kanhirangad
ഓലകൊണ്ടു മറച്ച
കുളിപ്പുരയുടെ അകം
തുണികൊണ്ടു മറച്ചാലും
ഒളിഞ്ഞുനോക്കാറുണ്ട്
ചില തെമ്മാടികള്‍

മറയ്ക്കു മുകളില്‍
അഴിച്ചുവെച്ച പാവാട
ഒളിച്ചുവെക്കാറുണ്ട്,
കൂവലിന്റെ കോലക്കുഴല്‍
വിളിക്കാറുണ്ട്

മനസ്സറിഞ്ഞു കുളിച്ചിട്ടേയില്ല
ചുറ്റും കണ്ണോടിച്ച്,
സോപ്പൊന്നു പതച്ച്,
വെള്ളം ഒറ്റയൊഴിയാണ്.
ഇല്ലെങ്കില്‍ തുടങ്ങും
റോഡുവക്കെന്നില്ലാതെ
അമ്മയുടെ ശകാരം

ഇന്ന്,
ടൈല്‍സ് വെച്ച ബാത്ത്റൂമില്‍
കുളിക്കുമ്പോഴും
അറിയാതെ ചുറ്റും പരതാറുണ്ട്
അസ്വസ്ഥമാകാറുണ്ട്
മണിക്കൂറുകളോളം കുളിച്ചാലും
മനസ്സറിഞ്ഞു കുളിക്കാന്‍ കഴിയാറില്ല
കുളിപ്പുരയിലെ സംതൃപ്തി കിട്ടാറില്ല.

കൂടുതല്‍ കവിതകള്‍