Subha. G.S
കാളി കാളിയെന്നാര്‍ത്തുവിളിച്ച്
തലയ്ക്കു ഞോടി
ഓടിമറഞ്ഞ കാലത്ത്
ഉള്ളിലെവിടെയോ മുളപൊട്ടി
ഒളിഞ്ഞുകിടന്ന്
പടര്‍ന്നുവളര്‍ന്ന മോഹം

ഇന്നാണ്
ഒന്നൊത്തുകിട്ടിയത്

കപ്പലും കടലും കടന്ന്
പാറിനടന്നവനെ
ചുണ്ടില്‍ വിലങ്ങിട്ട്
നിശ്ശബ്ദനാക്കി
'ഈ കണ്ണുകളിലെ രഹസ്യം
എനിക്കറിയാം'

ഒതുങ്ങിനിന്ന മുടിയിഴകളെ
തട്ടിയുണര്‍ത്തി
'ഈ തലയിലെ വേവുകള്‍
എനിക്കറിയാം'

വിളറിയ വിരലുകള്‍
കോര്‍ത്തെടുത്ത്
അവന്റെ നെഞ്ചോടു ചേര്‍ന്നുനിന്നു
'ഇതിനുള്ളിലെന്താണെന്നെനിയ്ക്കറിയാം'

ഒറ്റിക്കൊടുക്കുവാന്‍ അവസരം നോക്കി
നീ കാത്തിരിപ്പാണെന്നെനിക്കറിയാം'

മറുത്തുപറയാതെ
തണുത്തുമരവിച്ച്
അവനെന്റെ കാല്‍ക്കീഴില്‍
കുഴഞ്ഞുവീണു

'കിറോത്തേ.. കിറോത്തേ'യെന്ന്
അവനുചുറ്റിലും ഞാന്‍
കൂവിയാര്‍ത്തു

'ഫിറോസെ
എന്നോടാ കളി?'