Surab
ഒന്ന്

ഞാനിവിടെ ഒരു പൂ വെച്ചിരുന്നു
എവിടെയാണത്?
"അതു ചെങ്കൊടിയായി മാഷേ.."

ഞാനിവിടെ ഒരു പുസ്തകം വെച്ചിരുന്നു
എവിടെയാണത്?
"അതു ലൈംഗികത്തൊഴിലാളിയുടെ
കിടപ്പറയിലാണു മാഷേ.."
ഞാനിവിടെ ഒരു ഹൃദയം വെച്ചിരുന്നു
എവിടെയാണത്?
"അതിന്നലെ എല്ലാവരുംകൂടി
കത്തിച്ചു മാഷേ.."

ഞാനിറങ്ങുന്നു
എന്റെ വടി എവിടെ?
തുളസിയും തുമ്പയും
കുടയും കണ്ണടയും എവിടെ?

രണ്ട്

പാലുകൊടുത്ത കൈയ്ക്കാണ്
കടിയേറ്റത്
അതും ഓര്‍ക്കാപ്പുറത്ത്
പിന്നീട് വിഷമിറങ്ങിയപ്പോഴാണറിഞ്ഞത്
കടിച്ചത്
മറ്റൊരാളുടെ മാളത്തിലേയ്ക്കിറങ്ങിവന്ന
പാമ്പായിരുന്നുവെന്ന്

ഇപ്പോള്‍ കടിയേറ്റ ഭാഗം
ഉണങ്ങിവരുന്നു
പകരം, അവിടെ കാലു വളരുന്നു
ഏതെങ്കിലുമൊരു പാതിരാവില്‍
ഇടവഴിയില്‍വെച്ച്
അറിയാതെ ഒന്നു ചവിട്ടാന്‍
അതുകഴിഞ്ഞ് കാലുകഴുകാന്‍.

മൂന്ന്

വെട്ടുകത്തി, പലക, തൂക്കിയിട്ട മാംസം
കേടുവരാതിരിക്കാന്‍ ഫ്രീസര്‍
ലിവറ്, കിഡ്നി, തലച്ചോറ്
സൂപ്പിനുള്ള കാലു വേറേയും

മതി
വെട്ടും കുത്തും പതിവായ
ചോരപുരണ്ട
ഒരു കശാപ്പുശാലതന്നെയാണ്
ഇന്നെന്റെ വീട്.