Hasan
കുട ചൂടി
റോഡു മുറിച്ചുകടക്കുന്ന
പെണ്‍കുട്ടീ,
നിന്റെ കഴുത്തിന്റെ വശങ്ങളിലൂടെ വീഴുന്ന
തണലിന്റെ ഇലകള്‍
ഒരോന്നായി പെറുക്കിയെടുത്തു തരട്ടേ.

അടച്ചിട്ട മുറിയില്‍
കണ്ണടച്ചിരിയ്ക്കുന്ന പെണ്‍കുട്ടീ,
ചൂടാറും മുന്‍പ്
ഒരു കപ്പ് കാപ്പി
മൂടി തുറന്ന് തരട്ടേ.

കാലുകള്‍ക്കുള്ളിലൊളിപ്പിച്ച്
കാമുകനെ നാടുകടത്തുന്ന പെണ്‍കുട്ടീ,
നിറഞ്ഞതൊന്നും തുളുമ്പിപ്പോകാതെ
നിന്നെ ഞാന്‍ വീട്ടിലെത്തിച്ചു തരട്ടേ.

വരണ്ട ആകാശത്തിന്റെ നെഞ്ചിനുനേരെ ഉയര്‍ത്തി
സങ്കടത്തോടെ ചിയേഴ്സ് പറയുന്ന പെണ്‍കുട്ടീ,
മറ്റൊരാകാശത്തില്‍ നിന്നും
ഒരു ഐസ് ക്യൂബ് മുറിച്ചെടുത്ത്
നിന്റെ ബിയര്‍ മഗ്ഗിലിട്ടു തരട്ടേ.

ഇസ്തിരിയിട്ടു ഇസ്തിരിയിട്ടു
മടുത്തുപോയ പെണ്‍കുട്ടീ,
എന്റെ നെഞ്ചിന്റെ ചൂടിനാല്‍
നിന്റെ പുരുഷന്റെ കുപ്പായങ്ങള്‍
നിവര്‍ത്തിത്തരട്ടേ.

പകരം,
എന്നെയൊന്നു കെട്ടിപ്പിടിച്ചാല്‍ മതി.
സാരമില്ല എന്നു പറഞ്ഞാല്‍ മതി.