Chandni
മുള്ളുകളുണര്‍ന്നിരിയ്ക്കും വേലിയിറമ്പിലേയ്ക്ക്‌
തെന്നുന്ന മയക്കങ്ങള്‍
ഉള്ളിലങ്ങനെ തിണര്‍ത്ത്‌ കിടക്കും.
പതിവുപോലെ,
നീറ്റലൊക്കെ കഴുകിത്തുടയ്ക്കുമ്പോള്‍
കുളക്കോഴികള്‍
മണല്‍ക്കാട്ടില്‍ എത്തിയതു കേള്‍ക്കാം
റൊട്ടിയെറിഞ്ഞ്‌ മീനൂട്ട്‌ നടത്തുന്നവര്‍ക്കായി
പൊന്മാന്‍,
കോര്‍ണീഷിന്റെ കൈവരിയില്‍
ഉരുക്കഴിയ്ക്കുന്ന മന്ത്രങ്ങളും.
അബ്രയില്‍ ഉപ്പുതുള്ളികള്‍ ഉയര്‍ത്തിക്കുടഞ്ഞ്‌
സൂര്യനമസ്കാരം
മിനറല്‍ ജലത്തില്‍ കതിരിടുന്ന തുളസിത്തൈ..
എവിടെയും
മനസ്സില്‍ തൊട്ടുനില്‍ക്കും മഞ്ഞവെയിലൊന്നു തന്നെ....
അമ്മയുടെ വിരലുകള്‍
മുടിയിഴകള്‍ക്കിടയില്‍ എഴുതിവച്ചത്‌
വേരുകളോടിപ്പടരേണ്ട വഴികളായിരുന്നില്ലേ..
പൂതപ്പാട്ടിലുറങ്ങി,
ഒരിലപോലും മറയ്ക്കാത്ത ആകാശത്തേയ്ക്കുണര്‍ന്ന്‌
ഈന്തപ്പനച്ചോട്ടില്‍ പണിയെടുത്ത്‌
ഓലക്കൊട്ടകളില്‍ മധുരം നിറയ്ക്കാം.
തണുപ്പൊഴുക്കുന്ന യന്ത്രക്കാറ്റില്‍
തട്ടിന്‍പുറത്തെ പഴകിയ ഈര്‍പ്പം ശ്വസിയ്ക്കാം.
മഞ്ഞുപുകയില്‍ നിന്നും
കറുകത്തുമ്പിലെ മഴവില്ലിനെ വിരിയിച്ചെടുക്കാം