Jayesh
തണുപ്പുള്ള രാത്രി
എവിടെയോ മഴയുടെ കൊടികള്‍ പാറുന്നുണ്ട്
ഒരു സിഗരറ്റ് വലിക്കാന്‍ പുറത്തിറങ്ങിയതായിരുന്നു
പഴങ്ങള്‍ വില്ക്കുന്നവരും നിലക്കടല പുഴുങ്ങുന്നവരും
മണ്ണെണ്ണ വിളക്ക് കത്തിച്ച്
പൊതികള്‍ കെട്ടുന്നു
കുടിയന്മാരുടെ ഒരു സം ഘം
കടല പൊതിഞ്ഞ് വാങ്ങുന്നുണ്ട്
പൊടുന്നനെ നിലച്ച വൈദ്യുതി
മഷി കോരിയൊഴിച്ച പോലെ തെരുവ്
മണ്ണെണ്ണ വിളക്കുകളുടെ
മഞ്ഞ വെളിച്ചം ചിതറിക്കിടക്കുന്നു
കാറ്റ് പിടിച്ചെത്തുന്നുണ്ട് മഴ
കാല്ക്കീഴില്‍ ചെറുചാലുകള്‍ ചേരയേപ്പോലിഴയുന്നു
കുട മറന്ന തെരുവ് ചെളി തെറിപ്പിച്ചോടുന്നു
തിരിച്ച് പോകുമോ
അതോ മഴ തീരും വരെ കാക്കണോ
എന്ന് സം ശയിച്ച് ഞാന്‍
അപ്പോഴേയ്ക്കും തെരുവിനെ തുടച്ചെടുത്ത്
കടന്നിരുന്നു രാത്രിയിലെ കച്ചവടക്കാര്‍