Nazeer Kadikkadu
നാട്ടിലെത്തിയ പാടെ
അഴിച്ചുവിട്ട ആട്ടിന്‍കുട്ടിയായി.
കിണറ്റുവക്കത്തേക്കോടി
കിണറെടുത്ത്‌ ഉള്ളം നിറുകയിലേക്കു കമഴ്ത്തി
കിണറ്റിന്‍ കരയ്ക്കപ്പുറം
പകച്ചുനിന്ന മുള്ളുവേലിയും കൂടെ കുളിക്കാനെത്തി
ചേമ്പും കൂവയും വാഴയും മുരിങ്ങയും
മേലാകെ പൂത്തും കായ്ചും കൊതിപ്പിച്ച്‌ ചിരിച്ചു.
പുറത്തേക്കിറങ്ങാന്‍ നേരം
ഇടതുകൈ കുലച്ചവാഴ
വലതുകൈ ചേമ്പിന്‍താള്‌
മുടി നിറയെ കൂവതൈകള്‍
കണ്ടവരൊക്കെ ചിരിയായി
ആരായിതെന്ന്
ആകെ മാറിപ്പോയല്ലോയെന്ന്...

തിരിച്ചൊരോട്ടമായിരുന്നു
മുള്ളുവേലിയും പിന്നാലെ ചേമ്പും കാച്ചിലും
വാഴപ്പിണ്ടിയും പൊതിഞ്ഞ്‌ അമ്മയും കൂടെക്കൂടി
ആരും കാണാതെ കിണറും പൊതിഞ്ഞു കെട്ടി
ഓട്ടം തന്നെ ഓട്ടം