Anilkumar. T.P
എടുക്കരുതെടുക്കരുതെന്ന്
എത്ര വട്ടം പറഞ്ഞാലും
തപ്പിത്തെരഞ്ഞു നടക്കും
കണ്ണും മൂക്കുമില്ലാതെ
എടുത്തു പെരുമാറും
കുറ്റം പറഞ്ഞാല്‍ മാറില്ലല്ലോ
പ്രായത്തിന്റെ കുഴപ്പം
മൂര്‍ച്ചയറിയാത്ത പ്രായം
മൂത്തവര്‍ കണ്ടറിയണ്ടേ

പൊടിയിട്ടു തേച്ചു
വായ്ത്തലയൂട്ടി വച്ചതാണ്‌
എണ്ണയിട്ടു തുടച്ചു
തുരുമ്പകറ്റിയതാണ്‌
പല യുദ്ധങ്ങളില്‍
നനഞ്ഞിട്ടുണ്ട്‌
പലപല പഴങ്കഥകളില്‍
നായകനായിട്ടുണ്ട്‌

കഥയുടെ കൗതുകങ്ങളാല്‍
അശ്രദ്ധയാല്‍ അപകടപ്പെടാം
മെഴുകു കടലാസു ചുറ്റി
ചണച്ചാക്കിലാക്കി
എവിടെയാണൊളിപ്പിച്ചതെന്ന്
തെരയാനിനി ഇടമില്ല

കാണാതാകുന്ന, മറന്നുവയ്ക്കുന്ന
മനുഷ്യരേയും,
വസ്തുക്കളേയും പോലെ
ഒരു നാള്‍ തിരിച്ചു കിട്ടി
കിട്ടിയതല്ല, കണ്ടു
കണ്ടതല്ല, കൊണ്ടു

ഒച്ചയില്ലാതൊരു മിന്നലായി
തുലാവര്‍ഷം
ശീലംതെറ്റി വന്നതാണെന്നു കരുതി
അതേ മൂര്‍ച്ച
അതേ മിനുക്കം
ചോരചീറ്റി
പകുതിയില്‍ മുറിഞ്ഞ്‌
കുലവാഴ വീണു

കുലം മുടിഞ്ഞെന്ന നിലവിളി
കുലയൊടിഞ്ഞെന്ന
ശബ്ദാനുകരണമായ്‌ ഉയര്‍ന്നു