Rafeek Ahammed
ഒരു ചീര്‍പ്പു കിട്ടിയിരുന്നെങ്കില്‍
എത്രയ്ക്കലങ്കോലമായ് കിടക്കുന്നൂ തലമുടി
ഒരു ചോദ്യചിഹ്നമായ് നെറ്റിയിലേക്കു വളഞ്ഞും
ഓര്‍മ്മയിലേക്കു ചുരുണ്ടും
മറവിയിലേക്കു നരച്ചും
ഒരു കത്രികയ്ക്കും വഴങ്ങുകയില്ലെന്ന്
നിറുകയില്‍ കുത്തനെ മുള്‍പ്പടര്‍പ്പായും
മുടിഞ്ഞൊരീ നാരുകള്‍...
ചത്തുകഴിഞ്ഞൊരു കാവ്യബിംബം പോലെ
അന്നത്തില്‍,
നരവെളിച്ചങ്ങളായ് മിനുസക്കഷണ്ടിയില്‍.

ചിലതു വളര്‍ന്നെന്റെ കാഴ്ച മറയ്ക്കുന്നു,
ചിലതെന്റെ കേള്‍വികള്‍.
മുണ്ഡനംകൊണ്ടുപശാന്തിയില്ലല്ലോ
ഖണ്ഡനമണ്ഡനങ്ങള്‍കൊണ്ട്
മാറില്ല കാട് കാടെന്നു ഭയങ്ങള്‍...

ഒരു തീര്‍പ്പുകിട്ടിയിരുന്നെങ്കില്‍,
എല്ലാമൊതുക്കി
മിനുങ്ങി നടക്കാന്‍ കഴിഞ്ഞേനേ.