Jayesh
ടൌണ്‍ ബസ്റ്റാന്റില്‍ നിന്നും
കുത്തനെ ഒരിറക്കത്തിലാണ്‌
ശകുന്തള ജങ്ക്ഷന്‍

അവിടെ
പണ്ടെപ്പോഴെങ്കിലും ശകുന്തള വന്നിരിക്കുമോ,
അതോ
ഏതെങ്കിലും ശകുന്തള അവിടെ താമസിക്കുന്നുണ്ടാകുമോ
എന്നൊക്കെ ആലോചിച്ച്
ചുമ്മാ വെയിലും കൊണ്ട് നടക്കുകയായിരുന്നു

അപ്പോഴൊന്നും
ഒരു തുണിക്കടയ്ക്ക് ശകുന്തള എന്ന് പേരിടുന്നതും
ആ തുണിക്കട ഒരു ജങ്ക്ഷനിലാകുന്നതും
ആ ജങ്ക്ഷന്‍ ശകുന്തളയാകുന്നതും
ഒന്നും ഒരു വ്യര്‍ഥവിചാരത്തില്‍ പോലും തോന്നിയിരുന്നില്ല

ആ തുണിക്കടയുടെ ഉടമ
ഏതെങ്കിലും കാളിദാസനാണോയെന്ന് ഒരു തമാശ,
വെറും തമാശയ്ക്ക് തോന്നി
ശകുന്തള ജങ്ക്ഷനില്‍ വച്ചാണ്‌
മദം പൊട്ടിയ ഒരു ഓട്ടോറിക്ഷ
എന്റെ കാല്‍ മുട്ടിലെ തൊലി ഇടിച്ചിളക്കിയത് .

ശകുന്തള ജങ്ക്ഷനില്‍ വച്ചാണ്‌
എന്റെ പേഴ്സ്, ഞാന്‍ പോലുമറിയാതെ
എന്നെ വിട്ട് പോയത്.

പിണക്കങ്ങളിത്രയും ഉണ്ടായിട്ടും
ഇപ്പോഴും കാലില്‍ ദര്‍ഭമുന കൊണ്ടപോലെ
തിരിഞ്ഞുനോക്കുന്നു
ശകുന്തള എന്ന ഗൃഹാതുരത