Jayesh
വിയര്‍പ്പിന്റെ ഉച്ചയില്‍
മടുപ്പിന്റെ സമാധിയില്‍
മുനിയെപ്പോലെ മുനിഞ്ഞിരിക്കുമ്പോള്‍
ഒന്ന് വീശിയെങ്കിലെന്താ കാറ്റേ എന്ന്
പുറത്തേയ്ക്ക് ഉരുവിടുകയായിരുന്നു.

അപ്പോള്‍ വേലിയ്ക്കരികില്‍
ചെമ്പോത്തിന്റെ വിളി
ഭയങ്കര ആഴമെന്ന് വീമ്പ് പറയുന്നൊരാള്‍
അടുത്തുണ്ടെന്ന്.

ചെന്ന് നോക്കിയപ്പോള്‍
ഒരു ചെറുമീനിന്‌ പോലും ഉണര്‍ത്താവുന്ന ഓളങ്ങള്‍
അത് തിരയാണെന്ന്
കല്‍പടവുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്‌

അതൊന്നും നോക്കാതെ
ഊളിയിടുന്നൊരു പരല്‍മീന്‍ കൂട്ടം
ചെമ്പോത്തിന്റെ ഉല്‍സാഹം
പൊന്മാനിന്റെ ലക്ഷ്യം
വേണോ വേണ്ടയോ എന്ന് സംശയിച്ച്,
ഒരു കാല്‍വയ്പ്പ്

അപ്പോള്‍
പടവുകളില്‍ പായലിളകിയ പുരാതനതയില്‍
സ്വപ്നം പോലെ ഒരു തണുപ്പ്
ജലത്തേക്കാള്‍ ആഴമുണ്ടായിരുന്നു
അതിനീ വിയര്‍ക്കുന്ന ഉച്ചയില്‍