Ajith
ആഘോഷ പരിപാടികളുടെ ഭാഗമായ
തീറ്റ മത്സരം
ആകാശത്തേക്ക് വെടിവെച്ച്
വാര്‍ഡ് മെമ്പര്‍ ഉദ്ഘാടനം ചെയ്തു

ബി പി എല്‍ ഒന്നാം റാങ്കിന്റെ
വന്‍ കുടലിലേക്ക്
മുപ്പത്തിരണ്ടിഡ്ഡലി
പൊടിഞ്ഞു നുറുങ്ങി നീങ്ങുന്നത്
സുതാര്യമായ ജനകീയാസൂത്രണപ്രക്രിയയിലൂടെ
ഏവര്‍ക്കും കാണ്മാറായി

വായനശാലയില്‍
രാമരാജ്യത്തെപ്പറ്റി ഉപന്യസിച്ച കുട്ടികള്‍
പെന്‍സില്‍കൊണ്ട് തലചൊറിഞ്ഞു
“കാക്കൈച്ചിറകിനിലെ..” പാട്ട്
വാനില്‍ നിറഞ്ഞു

ഉയര്‍ന്നുപൊങ്ങി പലപ്പോഴും
ഗാലറിയിലേക്കു പോയിരുന്ന,
ചപ്പിയ വോളീബോള്‍ പന്തുകള്‍ക്കിടയില്‍
സെക്രട്ടറി ചര്‍ക്ക തിരഞ്ഞു

ആകാശവാണിയിലെ ശബ്ദരേഖയില്‍ ചിലര്‍
ഗാന്ധിയുടെ അര്‍ദ്ധകായപ്രതിമയെടുത്ത് നടന്നു
ചിറക്കരയില്‍ കുളിപ്പിച്ചിരുത്തി
ഓളങ്ങള്‍ ഞൊറിയിട്ട വെയില്‍കുപ്പായമിട്ട്
ഗാന്ധിജി കുട്ടികളെ നോക്കിച്ചിരിച്ചു
നീന്തല്‍ മത്സരത്തിന്റെ വിസില്‍ മുഴങ്ങിയതും
പ്രതിമ കാണാതായി
നീന്തല്‍ക്കാര്‍ ഊളിയിട്ടപ്പോള്‍
ചിറയില്‍നിന്നും
അന്ത്യ പ്രാസത്തിന് ശ്വാസം മുട്ടുന്ന
കുമിളകള്‍ പൊന്തി