Muhammed kutty Elambilakkode
ഒടിയനും കുടിയനും മാടനും മറുതയും
പൊട്ടിയും ജാരനും പുലയാടിത്തെറികളും
കൂമനും കുറുനരിക്കുരവയും
യക്ഷി ഗന്ധര്‍വ ഭൂതഗണങ്ങളു-
മാടിത്തിമര്‍ത്ത നാട്ടുമ്പുറപ്പാതിരയിലെ
നാട്ടുവെളിച്ചക്കാലത്തിലേക്ക്‌
വാമനച്ചുവടുവെച്ചെത്തി
കൂറ്റന്‍ വൈദ്യുതി വിളക്കുകള്‍.

ഇല്ലാത്ത കരിംപൂച്ചയെ തപ്പുവാനെങ്കിലു-
മിത്തിരിയിരുട്ടു പതുങ്ങുന്ന മാളങ്ങള്‍ പോലും
നക്കിത്തുടയ്‌ക്കുന്ന നിയോണ്‍ ദീപങ്ങളുടെ
ആഗോളീകരണത്തേറ്റ
വെളിച്ചം പേടിച്ച്‌
നാട്ടിരുട്ടുഭൂതങ്ങള്‍ പൊട്ടിച്ചൂട്ടുകളോടൊപ്പം
തോട്ടിറമ്പിലൂടെ
തോറ്റ വിപ്ലവക്കാവടിയാടി
മങ്ങിമായുന്ന വിശ്വാസത്തി-
നന്തിയൂഴം കഴിഞ്ഞ്‌
ഭൂതകാലത്തിലേക്ക്‌ ഒളിച്ചോടവെ
ആരോരുമറിയാതെ
നരിമടയിലവയെ ആവാഹിച്ചു കുടിയിരുത്തിയ
ഞാവലിക്കുന്നേ
കരുതിക്കോ,

കൊലവിളിച്ചാര്‍ത്തും കയര്‍ത്തും
ദൂരെ എന്‍.എച്ചിലൂടെ
നിരനിര വരുന്നുണ്ട്‌
കത്തുന്ന വൈദ്യുതി-
ക്കണ്ണുമായ്‌ മരണ-
സൈറണ്‍ മുഴക്കി
ജെ.സി.ബികള്‍