Nazeer Kadikkadu
മുപ്പത്തിയഞ്ച് വയസ്സ്
അഞ്ചടി അഞ്ചിഞ്ച് ഉയരം
ഇരുനിറം
മുണ്ടും ഷര്‍‌ട്ടും വേഷം
മലയാളം മാത്രമേ സംസാരിക്കൂ...

രാത്രിയില്‍ ഒളിച്ചോടുമ്പോള്‍
ഓര്‍ത്തതേയില്ലല്ലൊ കാണാതാവുകയാണെന്ന്.
ഇരുട്ടത്തിടവഴിയില്‍ കരഞ്ഞപ്പോള്‍
അറിഞ്ഞതേയില്ലല്ലൊ,
വെളിച്ചമെത്തും മുമ്പെ നാട് വിടാനോടിയപ്പോള്‍
കിതച്ചതേയില്ലല്ലൊ
കാണാതാവുകയാണെന്ന്.
വയസ്സും ഉയരവും
നിറവും വേഷവും ഭാഷയും
തൊട്ടുനോക്കിയിരിക്കുമ്പോള്‍
കാണാതാവുകയാണല്ലൊ
കണ്ടുകണ്ടിരുന്നതൊക്കെയും.