Abhirami
ജാലകം തുറന്ന് ആദ്യം തിരഞ്ഞത്
തപാല്‍സ്സഞ്ചിയാണ്
ഉദയം നിറംകെട്ടിരുന്നു.
ഊതിക്കെടുത്തണമെന്നു തോന്നി.
ഇന്നലെയുടെ
ചടച്ചില്‍ മാറാത്ത മുഖവുമായി
അപരിചിതമായ വാക്കുകള്‍
അപായത്തിന്‍റെ മേല്‍ക്കുപ്പായമണിഞ്ഞു.
കനംവെച്ചവ കൂര്‍ത്ത്
ഒളിച്ചിരുന്നവയെ വെളിച്ചം കാണിച്ചു.
അവസാനവരികളില്‍
വായന തോര്‍ന്നപ്പോഴേയ്ക്കും
പാറ്റകള്‍ പുറ്റു പൊട്ടിച്ച്
പുറത്തുവന്നിരുന്നു.
ജാലകം ക്ലോസ് ചെയ്ത്
പൂമുഖത്തെത്തുമ്പോള്‍
സ്പീക്കറില്‍നിന്നും വന്ന
നേര്‍ത്ത തേങ്ങല്‍
അവിടെ തളംകെട്ടിയിരുന്നു.

കൂടുതല്‍ കവിതകള്‍