Narayanan Kalpetta
ഉറപ്പുള്ള നിലമല്ലേ ഭയങ്കരം?
നിലത്തേയ്ക്കുനോക്കി
പേടിച്ചുനിലവിളിക്കുകയായിരുന്നു
ഒരു ചിത്തരോഗിണി.

മുകള്‍നിലയില്‍നിന്നു വീഴുന്ന
ഒരാള്‍ നിലത്തടിച്ച്‌
തല ചിതറിയല്ലേ മരിക്കുന്നത്‌?
നിലത്തെത്തുന്നതുവരെ
അവള്‍ക്കൊന്നും പറ്റുന്നില്ലല്ലോ?
പിന്നോട്ടുമാറിയ ഉയരമല്ലല്ലോ
മാറാത്ത നിലമല്ലേ
അവളെ ചതിച്ചത്‌?
ഉയരത്തിന്റെ ചതുപ്പല്ലല്ലോ
നിലത്തിന്റെ ഉറപ്പല്ലേ
അവളെ ചതിച്ചത്‌?

ഉറപ്പുള്ള നിലമല്ലേ ഭയങ്കരം?