Nazeer Kadikkadu
എനിക്ക് നിങ്ങളെ മനസ്സിലാവുന്നില്ല
ഒട്ടും.
ചെമ്പരത്തിപൂവിന് പച്ച നിറമാണെന്നും
പച്ചവെള്ളത്തിന് വെളുപ്പാണെന്നും
കണിക്കൊന്ന പൂത്താല്‍ നീലയാണെന്നും
എന്റെ നിറം വയലറ്റാണെന്നും പറഞ്ഞതില്‍
എന്താണിത്ര ചിരിക്കുവാന്‍?
എനിക്കറിയാം,
നിങ്ങള്‍ അതുതന്നെ പറയും
ചുവപ്പെന്നും മഞ്ഞയെന്നുമൊക്കെ.


നിങ്ങളൊന്ന് കണ്ണാടിയില്‍ നോക്ക്
പച്ചയല്ലേ നിങ്ങളുടെ നിറം
തത്തമ്മയുടെ കറുപ്പല്ലേ ചുണ്ടുകള്‍ക്ക്
പഴുത്തമാങ്ങയുടെ നീലയല്ലേ മുടിയിഴകള്‍ക്ക്...
സമ്മതിക്കില്ല നിങ്ങള്‍
എനിക്കറിയാം,
പണ്ടേ വാശിക്കാരനല്ലെ!


കറുത്ത കുത്തരിച്ചോറില്‍
വെളുത്ത മുളകുകറിയൊഴിച്ചുണ്ണുന്നവന്റെ
നിറം
മനസ്സിലാവില്ല നിങ്ങള്‍ക്ക്