Krishnakumar S
അറിയുക
ചങ്ങാതിമാരുടെ വിലാസം നഷ്ടപ്പെടുന്നത് നല്ലതാണ്
അതാകട്ടെ ഇടത്തുനിന്ന്, വലത്തു നിന്ന്
ഇരിക്കുന്നവര്‍ ഒന്നാംനിര, നില്‍ക്കുന്നവര്‍ ഒന്നാംനിര
എന്നീ സൂചകങ്ങള്‍ക്കു മുകളില്‍
ബ്ലാക്ക് ആന്റ്‌ വൈറ്റില്‍ പൂക്കുന്നു.
(അന്ന് ബാലന്‍ ക്യാമറയുടെ ഫ്രീകിക്കില്‍ ഒട്ടൊന്നു പതറി. കടം കൊണ്ട വാച്ച് ഫോട്ടോയില്‍ ഒരു വാല്‍നക്ഷത്രം.)
പത്തു ബിയിലെ തുമ്പപ്പൂവ്,
ഉച്ചനേരത്തിഴഞ്ഞെത്തുന്ന സ്രഗ്ദ്ധര, സൂത്രവാക്യങ്ങളുടെ ക്ഷീരബല,
മൂത്രപ്പുരയിലെ അക്ഷരത്തെറ്റുകള്‍ എന്നീ വേവലാതികള്‍ക്കപ്പുറം ഒരായുഷ്കാലത്തിനു മുഴുവനും തികയുന്ന സ്നേഹം
തലയില്‍ പുരട്ടി അമര്‍ത്തിച്ചീവി
ചിരിച്ചു നില്‍ക്കുന്നവര്‍. ഒരിക്കലിരടിപ്പൊട്ടിയ വിരല്‍
പൂക്കതെ പോയ മരത്തിന്റെ വേരില്‍
നഖവും ചലവും തെറിപ്പിച്ച് വീണ്ടും വീണ്ടും ഇരടുമ്പോള്‍
പ്രിയരെ നിങ്ങള്‍ ദൂരെ നിന്ന് പറയുന്നതെന്ത്?

കൂടുതല്‍ കവിതകള്‍