Sindhu Menon
ഈ കലം
ഉമിയിട്ടുരച്ചും കഞ്ഞിവെള്ളമൊഴിച്ചു തിളപ്പിച്ചും
അമ്മ മെരുക്കിയെടുത്തത്
ആരൊക്കെയോ തട്ടിയുടച്ചിട്ടും
വീണ്ടും കൂടിച്ചേര്‍ന്നത്
ഇതിനുള്ളില്‍ വീട് പുകയാളിചുവക്കുന്നുണ്ട്
വക്കത്ത് വിശപ്പിന്റെ തേങ്ങലുകള്‍
പറ്റിപ്പിടിച്ചിരിപ്പുണ്ട്

ഈ കലം ഉണ്ടാക്കിയ കുമ്പാരത്തിയിന്ന് ജീവിച്ചിരിപ്പില്ല
എന്നാല്‍ ഇതുണ്ടാക്കിയ മണ്ണ്
ഇപ്പോഴും ബാക്കി
ഇതിന്റെ കരിയിലാണ് അമ്മ
പതിവായി കണ്ണെഴുതിയിരുന്നത്
ഇത് എന്റേതാകണമെന്ന് ഞാനൊരിക്കലും ആശിച്ചതല്ല
ഭ്രാന്തമായ ഇതിന്റെ നിറഭേദങ്ങളെ ഭയന്നാണ്
ഞാന്‍ പുസ്തകങ്ങളിലേക്ക് ഓടിയൊളിച്ചത്
എന്നിട്ടും ജീവിതത്തിന്റെ ഒരു അത്യാവശ്യം പോലെ
ഇന്നത് എന്റെ കൈയില്‍ തന്നെ‍ വന്നുചേര്ന്നിരിക്കുന്നു!