Biju Kanhangad
1.കവിതയെപ്പറ്റി വിചാരം

ത്രിസന്ധ്യയ്ക്ക്‌
ഗതികേടില്‍
പിറുപിറുത്തുപോയതാണ്‌

ഒന്നും ശരിയാവാഞ്ഞ്‌
മിണ്ടാതായതാണ്‌

വാക്കുതെറ്റി
തൊണ്ടയടഞ്ഞതാണ്‌

പടിയിറക്കത്തില്‍
നിലവിളിയില്‍
ശബ്ദം വരാഞ്ഞതാണ്‌

അല്ലാതെ
കവിതയെപ്പറ്റി പറയണമെന്ന്‌
വിചാരിച്ചതല്ല.

2.ദാ, ഇപ്പോള്‍

ചുണ്ടുകള്‍ക്കിടയില്‍
കരച്ചില്‍ പുറത്തുകടക്കാനാവാതെ
നിമിഷം ദീര്‍ഘദീര്‍ഘമാവുന്നു

ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്‌

കണ്ണുകള്‍ കലങ്ങി
ജീവനുണ്ട്‌, ക്ഷീണിതനാണ്‌ എന്നൊക്കെ
ഞെരമ്പറിയുന്നത്‌

വിരികളും ഭിത്തികളും മങ്ങുന്നു

ചിറകടിച്ചതാണ്‌
തൊണ്ടയില്‍ കുറുകിയ പ്രാവ്‌
ദാ, ഇപ്പോള്‍.