Uma Rajeevan
തെരുവോരത്തെ
മുഖംമൂടി വില്പനക്കാരന്‍
കരുവായ് കണ്ടെന്‍ കൈയ്യില്‍
തൂങ്ങുമെന്‍ കിടാവിനെ

ഏവര്‍ക്കും വരാം,
ഏതുവേണമെങ്കിലും വാങ്ങാം
ഏതിനും പത്തേപത്തു
രൂപയെന്നതേ മെച്ചം

വാണീദേവിയെ
നാവിന്‍തുമ്പത്തു ചാഞ്ചാടിക്കും
വാണിഭക്കാരന്‍
കുഞ്ഞിന്‍ കൌതുകമാവാഹിച്ചു

പൂച്ച പട്ടിയും പുലി
ഗാന്ധിയാനയും
സിംഹരാജനും കുറുക്കനും
നിങ്ങളെ വിളിക്കുന്നു

പൂച്ചയും കുറുക്കനും
സിംഹവുമറിഞ്ഞപ്പോള്‍
ഗാന്ധിയെന്നൊരു മൃഗം
കുഞ്ഞിന്നു തിരിഞ്ഞില്ല

കഷണ്ടിത്തല
വട്ടക്കണ്ണട നീളന്‍മൂക്കും
മുഷിയാച്ചിരിയുമായ്
കാണ്മതാണു നിന്‍ ഗാന്ധി

വിരളും പയ്യിന്‍
മൂക്കുകയറെന്നപോല്‍
ഗാന്ധിക്കിരു കര്‍ണ്ണവും
ചൂടിക്കയറാല്‍ ബന്ധിച്ചിടാം

ബാലകൌതുകം
മുഖംമൂടിവില്പനക്കാരന്നരുവായ്
ഗാന്ധിക്കു ഞാന്‍
പത്തുരൂപയും നല്കിപ്പിരിയുംനേരം
കുഞ്ഞിന്‍ മുഖത്തു സൂര്യോദയം
എന്നിലോ കനക്കുന്നു
വിങ്ങുന്ന ലജ്ജാഭാരം

കൂടുതല്‍ കവിതകള്‍