Jayesh
ദൂരെ,
ഒരു പെണ്‍കുട്ടി നില്‍ക്കുന്നുണ്ടെന്ന്
തോന്നും വിധം ഒരു മരം

മരത്തിന്‌ താഴെ
കവിത വായിക്കുന്ന ഒരാളെന്ന്
തോന്നും വിധം ഒരു നിഴല്‍

നമ്മളാശിച്ച പോലെ
അരികിലൊരു പുഴയുണ്ട്

പുഴയില്‍ നിന്ന് നോക്കുമ്പോള്‍
ഒരു പെണ്‍കുട്ടിയെ ചുംബിക്കുന്ന
കവിയാണെന്ന് തോന്നും

ആശിച്ച പോലെ
കാറ്റ് വീശുന്നുണ്ട്

മുടിയിഴ, കാറ്റിലിളകി, വട്ടം ചുറ്റി
ഓടിയോടിപ്പോകുന്ന പോലെ തോന്നും

പെണ്‍കുട്ടിയെ ഉപേക്ഷിച്ച് പോകാന്‍
ആര്‍ക്കാണ്‌ കഴിയുക?
അരികില്‍ പുഴയുണ്ടെങ്കിലും !


ഓടിപ്പോകുന്നതിന്റെ സുഖമുണ്ടെങ്കിലും
ഒറ്റമുടിയുടെ ചുറ്റിപ്പിണയലില്‍
ഇല്ലാതാകുന്നതിനല്ലേ
ആ പഴയ ചിത്രത്തില്‍ നിന്നും
നമ്മളിപ്പോഴും കണ്ണെടുക്കാത്തത്.

ഇനിയിപ്പോള്‍
ചുംബനം മതിയാക്കി
പെണ്‍കുട്ടി പോയതായിരിക്കുമോ!

മരത്തിനെ തന്റെ
ചുണ്ടുകളേല്‍പ്പിച്ച്.