Madhavan Puracheri
അന്നന്നുകണ്ടതിനെ
അന്നന്നു വാഴ്‌ത്തിയും
അന്നന്നുതാരമായി
പ്രകാശം പൊഴിച്ചും
ചന്തയെനോക്കി
ചിരിച്ചും കളിച്ചും
ചന്തത്തിലങ്ങനെ
ചിന്തയെയൊഴിച്ചും
ചാനലിലങ്ങനെ
തിരിച്ചും മറിച്ചും
വീഡിയോ ഗെയിമില്‍
വിജയം മണത്തും
നരകയറിയപ്പോള്‍
ഡൈയാല്‍ കറുത്തും
ബിപിയും കൊളസ്‌ട്രോളു-
മെത്തിക്കൊഴുത്തും
ഇടം വലം നോക്കാതെ
പുലരിയില്‍ നടന്നും.
അയല്‍പക്കമറിയാതെ
കാറില്‍ കടന്നും
അന്തിയില്‍ ധ്യാനത്തില്‍
രാത്രിയില്‍ ഹണിബീയില്‍
ആര്‍ക്കും പിടികൊടു-
ത്തീടാതെയങ്ങനെ
ഹീറോയായിങ്ങനെ
കഴിയുന്നു സ്‌നേഹിതാ!