Kamarudheen Amayam
കാണാറുണ്ട്‌
കടല്‍ക്കരയിലിരിയ്ക്കും വേളകളില്‍
വാട്ടര്‍ സ്കൂട്ടറിലെത്തും
ഒരു കൂട്ടം ചെറുപ്പക്കാരെ

വെള്ളത്തില്‍ വലിയ വൃത്തങ്ങള്‍ സൃഷ്ടിച്ച്‌
പരസ്പരം വെള്ളം തെറിപ്പിച്ച്‌
ഏറെനേരമവര്‍ സ്കൂട്ടറോടിക്കും
ഇടയ്ക്ക്‌ കൂട്ടത്തില്‍ ചിലര്‍
ചീറിപ്പായുന്നതു കാണാം
പാറക്കൂട്ടങ്ങള്‍ക്ക്‌ നേരെ
പെട്ടെന്നുള്ള വെട്ടിത്തിരിയലില്‍
അപകടം പിണഞ്ഞുമല്ലാതെയും
തിരിച്ചെത്തുന്നതു കാണാം
വീണ്ടും കൂട്ടത്തില്‍ ചേര്‍ന്ന്
വെള്ളം തെറിപ്പിക്കാന്‍
എങ്ങോട്ടൊക്കെയോ പിന്‍വാങ്ങാന്‍

ഇക്കളി ഇവര്‍ക്ക്‌ മടുക്കില്ലേ
ശരീരം ക്ഷീണിപ്പിക്കില്ലേ
എന്നെങ്കിലും തിരക്കാം
കണ്ടുമുട്ടുമ്പൊഴൊക്കെ
അവര്‍ കടലിലും ഞാന്‍ കരയിലും.