Chitra K P
മട്ടുപ്പാവിലെ ചെടി,
അയലത്തെ തൊടിയിലെ
മരങ്ങളുമായത്‌
കുശലം പറയുമ്പോള്‍
പാടേ തകരുന്നുണ്ട്‌
ഇടയിലുള്ള മതിലുകള്‍.
ഞൊടിയിടയില്‍ തളിര്‍ക്കുന്നുണ്ട്‌
പക്ഷിക്കണ്ണില്‍
ഭൂമിയും ആകാശവും
വെളിപ്പെട്ടവരുടെ കാട്‌.
കുഴലിലൂടെയെങ്കിലും,
ഒഴുകി വരുന്നുണ്ട്‌
ഒരു നദി.

നദിയുടെ ഓര്‍മ്മയില്‍
പച്ച പിടിച്ച്‌ നില്‍പ്പുണ്ട്‌
ഒരു കാട്‌;
കാടിണ്റ്റെ ഓര്‍മ്മയില്‍
ഒഴുകിയകലുന്നുണ്ട്‌
ഒരു നദി.

നനവിലിരുണ്ട മണ്ണിലേക്ക്‌
ഒരു ഇല
പൊഴിക്കുന്നുണ്ട്‌
മട്ടുപ്പാവിലെ ചെടി,
ഇലക്കിടക്കയിലേക്കിതാ
എണ്റ്റെ ശിഷ്ടവും എന്ന്‌.

നഗരമധ്യത്തില്‍
പുലരുന്ന കാടിനെ
ഒഴുകുന്ന നദിയെ
ഇലപൊഴിക്കുന്ന ചെടിയെ
മനസ്സിലേറ്റുന്നുണ്ട്‌
കവിതയെഴുതുന്നൊരാള്‍.