Madhavan Puracheri
അണുകുടുംബമേ സ്വസ്‌തി
വാഴ്‌ത്തപ്പെട്ടവയല്ലോ നീ!
പിതാവും പുത്രനും പിന്നെ
മാതാവും പുത്രിയും തഥാ!.

മഹിമയ്‌ക്കിണങ്ങും വീടും,
ചുമന്നുതന്നെയാത്രകള്‍
ടെന്‍ഷന്‍ (വെയ്‌റ്റ്‌) കുറച്ചീടാനായി,
സേഫ്‌റ്റി വാല്‍വുകളുണ്ടെടോ.

കാറും വീട്ടിന്നകംതന്നെ
വീട്ടിലെ ദൈവമുണ്ടതില്‍
സദാ കേള്‍ക്കുന്ന ശാസ്‌ത്രീയ-
സംഗീത സിഡിയും സുഖം.

അന്ന വസ്‌ത്രാദി മുട്ടാതെ
നീയല്ലോ കാത്തിടുന്നതും
പങ്കുവെക്കാതിരിക്കുവാന്‍
പല പാ ങ്ങള്‍ തന്നതും.

ലോണിലൂടെ കീഴടക്കാന്‍
ബഹുദൂരങ്ങള്‍ കാട്ടിയും
മായയെ നീക്കി നീയല്ലോ
`സായുജ്യം' നല്‍കുമേവനും.
(വെറുതെ സംശയിക്കേണ്ട
വീട്ടുപേരതുതന്നെടോ)

നിക്ഷേപം പലരൂപത്തില്‍
കാത്തുകൊള്ളുന്നു നിത്യവും
ചെറുകുടുംബം സന്തുഷ്‌ടം
ആപ്‌തവാക്യസമന്വിതം.



ഭുജിക്കേണം ഭജിക്കേണം
സകലം സ്വന്തമാക്കണം
ശരീരംതാന്‍ പ്രമാണമെ-
ന്നകതാരില്‍ നിനയ്‌ക്കണം.

കണ്ടിരിക്കില്ലയാകാശം
അതില്‍ കാര്യവുമില്ലെടോ
ടെറസ്സില്‍ `ദുഃഖിതര്‍'ക്കൊപ്പം
`പാനം' ചെയ്യുമിടയ്‌ക്കിടെ.

അത്യുത്തമം ഞായര്‍തന്നെ
മറ്റെല്ലാം കണക്കാണെടോ
വീണുകിട്ടും ബന്ദുതന്നെ
(ഹര്‍ത്താലെന്നും വായിച്ചിടാം)
ബീവറേജസ്സിന്നു സ്‌തുതി!.

പത്താമത്തെ ശ്ലോകമാകു-
ന്നണുകുടുംബമേ സ്വസ്‌തി.
നീ തന്നെ ജ്ഞാനമാനന്ദം
നീ തന്നെ വര്‍ത്തമാനവും!
ഓം ശാന്തി:... ശാന്തി:... ശാന്തി:!