Smitha Meenakshi
ഉമാമഹേശ്വര സംവാദങ്ങളിലൂടെയാണു  
എന്റെ ശിവഭക്തി പ്രണയമായത്.
ചുടലഭസ്മവും മണിനാഗങ്ങളും 
കാട്ടാനത്തോലും അലങ്കാരങ്ങളെങ്കിലും     
കാന്തന്‍ മഹേശ്വരനെന്നു തപം ചെയ്ത
ഉമയുടെ പാദങ്ങളില്‍ സഹസ്രാര്‍ച്ചന.
പര്‍വതനന്ദിനീ പൂജ കഴിഞ്ഞാല്‍     
അര്‍ദ്ധ നാരീശ്വരനിലേയ്ക്കു കൂടു മാറ്റം.
പരിഭവമേതുമില്ലെന്നു ജടാമകുടത്തില്‍ നിന്നു 
ഒളികണ്ണെറിയുന്ന ഗംഗ.
 
ഓരോ സംവാദങ്ങള്‍ക്കുമൊടുവില്‍ 
സംശയങ്ങളൊടുങ്ങിയ ഉമാഹൃദയം
നിദ്രയിലേയ്ക്കു ചായുമ്പോള്‍
അന്തമില്ലാത്ത ചോദ്യങ്ങളുമായി
ഞാന്‍  ഹിമമുടികള്‍ തേടി.
ഉറക്കമത്രയും മൂന്നാം കണ്ണിലൊതുക്കി
ഗംഗ തുളുമ്പാതെ, ഉമ ഉണരാതെ
ശിവമൊഴികളുതിരുമ്പോള്‍
കേള്‍വിയുടെ ഏഴാം സ്വര്‍ഗം‍.
തഴുകുന്ന ശിവനാഗങ്ങള്‍ക്കു   
മഞ്ഞിന്റെ  നനവ്..      
 
ഒടുവില്‍, 
വാക്കുകള്‍ ചിലമ്പഴിയ്ക്കുമ്പോള്‍
മൌനഭംഗിയൊരു മാത്ര...
കടുംതുടി ഉണരുന്നു, 
മലമടക്കുകളിലെ മഞ്ഞിന്‍പാളികള്‍
തപിച്ചലിയുന്നു,
ഇനി താണ്ഡവം, 
കാമമോഹിതം മനമലിഞ്ഞു ചേരുന്നു.
പാതി പൂരിതം പ്രകൃതിയില്‍.
 
സംവാദങ്ങളില്‍ നിന്നു 
താണ്ഡവങ്ങളിലേയ്ക്കാണീ
പ്രണയസഞ്ചാരങ്ങള്‍.