Smitha Meenakshi
ഒരാളെ അറിയുക എന്നത് ഒരു പുസ്തകം 
വായിക്കുന്നതുപോലെയാണു,
പുറം താളിലെ കുറുവാക്കുകളില്‍ തുടങ്ങി 
വാക്കും വരികളും താളുകളും
താണ്ടി പുറം താളിലെത്തുന്ന വായന.
 
ചിലരില്‍
നീളുന്ന ആമുഖങ്ങളും 
മടുപ്പിക്കുന്ന ആവര്‍ത്തനങ്ങളും 
കണ്ണഞ്ചിക്കുന്ന അലങ്കാരങ്ങളും
വഴിമുടക്കുന്നു.
 
ചിലരിലാകട്ടെ, ഒരോവരിയിലും
മായാജാലങ്ങള്‍, 
കടന്നു പോകുന്നവഴികള്‍ 
പിന്നിലടയുന്നു,
കണ്‍കെട്ടഴിയാതെ,
തിരിച്ചിറങ്ങാന്‍ വഴികളില്ലാതെ,
ഇരുളറകളില്‍ പെട്ടുപോകാനും മതി
 
ചിലരില്‍ താളുകള്‍ മറിക്കുമ്പോള്‍
കണ്ണീരും ചോരയും ചേര്‍ന്നു,
പശയായൊട്ടുന്നു   വിരല്‍ത്തുമ്പില്‍ 
മുന്‍പോട്ടുള്ള യാത്രയില്‍
ആകെയുള്ള ഒരു ഹൃദയം തന്നെ 
അടര്‍ത്തിയെടുത്തു കൊടുക്കേണ്ടതായും വരും
എങ്കിലും പുസ്തകം മടക്കി
കണ്ണടയ്ക്കാനാവില്ലല്ലൊ
 
ചിലരാകട്ടെ
ഒരു ഒറ്റവരി കവിത പോലെ
ജീവിതം ഒരു വരിയില്‍ നിറഞ്ഞു 
എന്നാല്‍ തുളുമ്പാതെ
ഇതാ ഞാന്‍ എന്നു.