Pratheesh M.P
തുന്നല്‍ക്കാരി
തുന്നിയതൊന്നും
എടുത്തണിയുന്നില്ല

തൂപ്പുകാരി
തൂത്തിടത്തൊന്നും
ഇരിക്കുന്നില്ല
വെപ്പുകാരിയുമാണ്
വെച്ചതൊന്നും രുചിക്കില്ല

സൂചിയില്‍
ചൂലില്‍
അടുപ്പില്‍
വന്നുനിന്നു സംസാരിക്കുക
ഒഴുക്കിനെക്കുറിച്ചാവും

ഉടുപ്പിട്ട്
വൃത്തിയായി
ഉണ്ട്
അവിടൊക്കെത്തന്നെ
കെട്ടിക്കിടന്നു ചീയും നമ്മള്‍<