Hari Anandakumar
കുളിച്ച്
തറ്റുടുത്ത്
പട്ട പറിച്ച്
ഞെഴു പിളര്‍ത്തി
തടിയില്‍ ഇറങ്ങുന്നു
ഞങ്ങള്‍ മക്കള്‍ മരുമക്കള്‍

പാദം നടു തല
മൂന്നു പാളക്കുമ്പിളില്‍
പെറുക്കിയെടുക്കുന്നു

വാഴവെച്ച്
നവധാന്യം വിതച്ചപ്പോഴേയ്ക്കും
വെള്ളകീറിയിരുന്നു.

പാലില്‍ മുക്കി
സൂര്യനെ കാണിച്ച്
കലശത്തിലിടുമ്പോള്‍
എല്ലുകള്‍ക്ക് പുലര്‍ച്ചയുടെ
ആര്‍ദ്രമായ വെളുപ്പ്

കലശം
കോടികൊണ്ട് വായ് കെട്ടി
പുറടിയില്‍ വെച്ച്
കാല്‍മുട്ടില്‍ വെച്ച്
തോളില്‍ വെച്ച്
തലയില്‍ വെച്ച്
തിരുനെല്ലിയിലേയ്ക്ക് ഏഴടി
പിന്നിലേയ്ക്കു നടന്ന്
തിരുന്നാവായിലേയ്ക്ക്

കലശമൊഴുക്കി
പുഴയില്‍ കുളിച്ചു മടക്കം

മാസങ്ങള്‍ക്കുശേഷം
വീടുപണിക്കു കൊണ്ടുവന്ന
മണലിനോടൊപ്പം
അച്ഛനതാ തിരിച്ചുവന്നിരിക്കുന്നു

പണിനടക്കുന്ന
ചുമരുകള്‍ക്കിടയിലിരുന്ന്
മകനേ എന്നു വിളിക്കുന്നതുപോലെ.

കൂടുതല്‍ കവിതകള്‍